2011, മാർച്ച് 26, ശനിയാഴ്‌ച

അരിപ്രാഞ്ചിയുടെ അപരത്വം


പ്രമുഖ മലയാള ദിനപത്രങ്ങളുടെ ക്രിസ്ത്യന്‍ വൈവാഹിക പംക്തിയില്‍ പ്രത്യക്ഷപ്പെടാറുള്ള ക്ലീഷേ വിശേഷണ പദങ്ങളാണ് ‘അതിപുരാതനം’, ‘കുലീനം’ എന്നിവ. പരസ്യം ഇംഗ്ലിഷിലാണെങ്കില്‍ ‘ancient’ എന്നോ ‘aristocratic’ എന്നോ മറ്റോ ആയി മാറുമെന്നു മാത്രം. ഈ വിശേഷണങ്ങള്‍ തങ്ങളുടെ വിവാഹപരസ്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനു പിന്നിലെ പരസ്യദാതാവിന്റെ ഉദ്ദേശ്യം, തന്റെ സ്വത്വ (identity)സ്ഥാപനവുമായി ബന്ധപ്പെട്ടാണെന്നതില്‍ തര്‍ക്കമില്ല. അതോടൊപ്പം തന്നെ അപരത്വങ്ങളെ (others) കുറിച്ചുള്ള ഉത്കണ്ഠയും ഇവ രേഖപ്പെടുത്തുന്നുണ്ട്. താന്‍ അതിപുരാതന കുടുംബാംഗവും കൂലീനനു/നയുമാണെന്ന അവകാശവാദം, മറ്റു ചിലരെപ്പോലെ താന്‍ അടുത്തിയിടെ ക്രിസ്തുമതം സ്വീകരിച്ചവനോ, മിശ്രവിവാഹിതരുടെ മാമോദീസമുക്കപ്പെട്ട മകനോ/മകളോ അല്ലെന്നും തനിക്ക് ഒരുപാടു തലമുറകളുടെ പാരമ്പര്യമുണ്ടെന്നും കൂടിയാണ്. അങ്ങിനെ വരുമ്പോള്‍ ക്രിസ്ത്യാനികളിലെ ‘ഉന്നതജാതി’യാണു താനെന്നാണ് ടിയാന്‍ പറയാന്‍ ശ്രമിക്കുന്നത്. ഇത്തരമൊരു ‘ഉന്നതകുല’ ജാതന്റെ അപരത്വമാണ് രഞ്ജിത്തിന്റെ ‘പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്’ എന്ന ചിത്രത്തിലെ അരിപ്രാഞ്ചിയെന്ന കഥാപാത്രത്തില്‍ ഈ ലേഖനം ആരോപിക്കാന്‍ ശ്രമിക്കുന്നത്.

വര്‍ത്തമാനകാല കേരളീയ സമൂഹത്തിലെ പൊള്ളത്തരങ്ങളുടെ നിശിതവിമര്‍ശനമുള്‍ക്കൊള്ളുന്ന ഒരു ആക്ഷേപഹാസ്യ ചിത്രമായാണ് മിക്ക നിരുപകരും പ്രാഞ്ചിയേട്ടനെ വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്ര രൂപം മലയാള സിനിമയ്ക്ക് തികച്ചും അപരിചിതമാണെന്നു കരുതുക വയ്യ. ഉദാഹരണത്തിന്, മമ്മൂട്ടി തന്നെ അഭിനയിച്ചു ഫലിപ്പിച്ച ‘അഴകിയ രാവണനി’ലെ ശങ്കര്‍ദാസ് ഇത്തരത്തിലുള്ള ചില സ്വഭാവങ്ങളുള്ള കഥാപാത്രമായിരുന്നു. ആ കഥാപാത്രത്തിന്റെ ഭൂതകാലത്തില്‍ അയാള്‍ നാട്ടിലെ പ്രമാണിയായ ചാത്തോത്ത് പണിക്കരുടെ കുടുംബത്തിലെ ആശ്രിതനായിരുന്നു. എന്നാല്‍ പണിക്കരുടെ മകളെ ചുംബിച്ചതിന് ശിക്ഷിക്കപ്പെടുന്ന അയാള്‍ മുംബെയില്‍ പോയി പണക്കാരനായി തിരിച്ചുവരികയാണ്. മലയാള സിനിമയില്‍ ഇത്തരത്തില്‍ നാടുവിട്ടുപോയി പണക്കാരായി തിരിച്ചുവരുന്ന ഒരുപാടു നായക കഥാപാത്രങ്ങളെ (‘ആറാം തമ്പുരാനി’ലെ ജഗനാഥന്‍‍, ‘ചന്ദ്രോത്സവ’ത്തിലെ ശ്രീഹരി, ‘ദേവദൂതനി’ലെ വിശാല്‍ കൃഷ്ണമൂര്‍ത്തി) കാണാമെങ്കിലും അവരൊന്നും ശങ്കര്‍ദാസിനെപ്പോലെ അര്‍ധരാത്രിയിലും കുടപിടിക്കുന്ന ‘അല്പന്മാരായി’ ചിത്രീകരിക്കപ്പെടുന്നില്ല. ശങ്കര്‍ദാസ് അങ്ങിനെ ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനുകാരണമായി ചിത്രം സൂചിപ്പിക്കുന്നത് അയാളുടെ കീഴാളസ്വത്വം (കുട്ടിശങ്കരനാണ് പിന്നീട് ശങ്കര്‍ദാസാവുന്നത്) തന്നെയാണ്. പ്രാഞ്ചിയേട്ടനെ നോക്കി കാണുന്നതും ഇത്തരത്തിലുള്ള ചില ജാതിപ്രതിനിധാനങ്ങളെ (representations of caste) വിസ്മരിച്ചു കൊണ്ടാകരുത്.

വിവിധ ജാതിവിരുദ്ധ പ്രക്ഷോഭങ്ങള്‍, ഭൂരിഷ്കരണ നിയമം, ഗള്‍ഫ് കുടിയേറ്റം, സര്‍ക്കാര്‍ ജോലികളിലെ സംവരണം എന്നിവയുടെ ഫലമായി സാമ്പത്തിക, സാമൂഹിക മുന്നേറ്റം നടത്തിയ ദലിതരെ/പിന്നോക്ക വിഭാഗങ്ങളെ പുതുപ്പണക്കാര്‍‍/അനര്‍ഹമായി ഉദ്യോഗംനേടിയവര്‍ എന്നീ വാര്‍പ്പുമാതൃകകളില്‍ തളച്ചിടാന്‍ മലയാള സിനിമ ആവോളം ശ്രമിച്ചിട്ടുണ്ട്. ‘മയൂഖ’ത്തിലേയും ‘ചിന്താമണി കൊലക്കേസി’ലേയും കലാഭവന്‍ മണിയുടെ റോളുകള്‍, ‘ട്വന്റി ട്വന്റി’യിലെ ഇന്ദുചൂഡന്‍ ഐപിഎസ് എന്ന സലീംകുമാര്‍ വേഷം[1] എന്നിവ ഇത്തരത്തിലുള്ള സ്റ്റീരിയോറ്റൈപ്പുകള്‍ക്ക് ഏതാനും ഉദാഹരണങ്ങളാണ്. ഇതിനുപുറമേ തിളങ്ങുന്ന ജുബ്ബയും കൂളിങ്ങ് ഗ്ലാസും സ്വര്‍ണകൈച്ചങ്ങലയും മോതിരങ്ങളുമായി അസംഖ്യം കഥാപാത്രങ്ങള്‍ നമ്മുടെ വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. ‘ഉദയനാണു താര’ത്തിലെ രാജപ്പനേയും (ശ്രീനിവാസന്‍) വേണമെങ്കില്‍ ഈ ഗണത്തില്‍ കൂട്ടാം. ‘ആനവാല്‍മോതിരത്തിലേയും’,[2] ‘ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റി’ലേയും ശ്രീനിവാസന്‍ കഥാപാത്രങ്ങളേയും ഇത്തരത്തില്‍ വായിക്കാന്‍ യാഥാക്രമം ടി. മുരളീധരനും, ജെനി റൊവീനയും ശ്രമിച്ചിട്ടുണ്ട്.

എന്നാല്‍ അരിപ്രാഞ്ചിയെ കീഴാളന്‍ എന്ന ലേബലില്‍ നിര്‍ത്താനുള്ള പ്രധാനസൂചന അയാള്‍ക്ക് ഒരു പേരില്ല എന്ന പരിഭവമാണ്. ഒരു പേരിലെന്തിരിക്കുന്നുവെന്ന പുണ്യാളന്റെ ചോദ്യത്തിന് ഒരു “പേരുതന്നെയാണ് തന്നെ ഇരുത്തി കളഞ്ഞതെന്നാണ്” പ്രാഞ്ചിയുടെ മറുപടി. അപ്പനപ്പൂപ്പന്‍മാരായി തങ്ങള്‍ അരിക്കച്ചവടക്കാരായിരുന്നുവെന്നു പുണ്യാളനോട് പറയുന്ന പ്രാഞ്ചിയ്ക്ക് അരിക്കച്ചവടം മോശമായൊരു ഏര്‍പ്പാടാണെന്ന തോന്നലുണ്ടാക്കിയത് സ്ക്കൂളിലെ അധ്യാപകന്റേയും കുട്ടികളുടേയും കളിയാക്കലുകളാണ്. തൃശ്ശൂരിനെ ഒരു കച്ചവടകേന്ദ്രമാക്കാന്‍ ശക്തന്‍തമ്പുരാനാണ് ക്രിസ്ത്യാനി കുടുബങ്ങളെ നഗരപരിസരത്തു പാര്‍പ്പിച്ചതെന്നാണ് ചരിത്രം പറയുന്നത്. അങ്ങിനെയുളള ഒരുപാടു കച്ചവട കുടുംബങ്ങളുള്ള തൃശ്ശൂരിലാണ് നായകന് തന്റെ അരിക്കച്ചവടത്തിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടിവരുന്നെതെന്നാണ് വിചിത്രം. മാത്രമല്ല, അദ്ദേഹത്തിന്റെ അപ്പന്റെ കാലത്ത് അരിക്കച്ചവടം നഷ്ടത്തിലായിരുന്നില്ല താനും. “അപ്പന്റെ കാലത്ത് കുന്നോളമുണ്ടായിരുന്നത് താന്‍ മലയോളമാക്കി” എന്നാണ് തന്റെ കാലത്തുണ്ടായ കച്ചവടപുരോഗതിയെ പ്രാഞ്ചി വിലയിരുത്തുന്നത്. അങ്ങിനെയാകുമ്പോള്‍ പ്രാഞ്ചി സമൂഹത്തില്‍ കുറച്ചുകൂടി സ്വീകാര്യനാകേണ്ടതുമാണ്. പക്ഷേ, പൊതുസ്വീകാര്യതയ്ക്കുവേണ്ടി നടന്നു ഡൊണേഷിക്കുന്ന അവസ്ഥയിലേയ്ക്ക് അയാള്‍ കൂപ്പുകുത്തുന്നു.ഒരു ജൂവല്ലറി തുടങ്ങി തന്റെ ഭൂതകാലത്തെ മായ്ക്കാനുള്ള ഒരു വ്യഥാ ശ്രമവും അയാള്‍ നടത്തുന്നുണ്ട്. ‘കറുത്തശ്രീനിയും വെളുത്ത ലോകവും’ എന്ന ലേഖനത്തില്‍ ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ കോളനിക്കാരുടെ ഭയത്തെക്കുറിച്ചുള്ള ജെനി റൊവീനയുടെ പരാമര്‍ശം പ്രാഞ്ചിയേട്ടന്റെ ധര്‍മ്മസങ്കടവുമായി കുറച്ചെങ്കിലും പൊരുത്തപ്പെട്ടു പോകുമെന്നു കരുതാം.

“കോളനിക്കാരുടെ ഭയം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ്. പെട്ടെന്ന് വരേണ്യതയില്‍ എത്തിപ്പെട്ടവര്‍ക്ക് അവരുടെ കീഴാളത്തത്തെ ഭയമാണ്. ഈ ഭയത്തെ/അപരത്വത്തെ ഇല്ലാതാക്കുമ്പോഴാണ് സേതു/മോഹന്‍ലാല്‍ കോളനിക്കാരുടെ /മലയാളസിനിമയുടെ/ കേരളത്തിന്റെ സവര്‍ണ നായകസ്ഥാനത്തേയ്ക്കുയരുന്നത്. മാധവന്റെ/ശ്രീനിവാസന്റെ അപരത്വത്തെ കാണേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ഗള്‍ഫിലൂടെ മധ്യവര്‍ഗത്തിലേയ്ക്കുയര്‍ന്ന എത്രയോ സമുദായങ്ങളുടെ കീഴാളത്തത്തെ അതു പ്രതിഫലിപ്പിക്കുന്നു. വരേണ്യതയിലേയ്ക്കുയരാന്‍ തങ്ങളുടെ കീഴാളത്തത്തെ ഇല്ലാതാക്കേണ്ട അത്യാവശ്യത്തേയും അത് അവരെ ബോദ്ധ്യപ്പെടുത്തുന്നു.” (പച്ചക്കുതിര,ഡിസംബര്‍ 2004, പുറം 9).

ഇവിടെ ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കാര്യം പ്രാഞ്ചിയേട്ടന്റെ ഇലക്ഷന്‍ ദിവസത്തെ കോട്ട്ധാരണം അയാളെ പരിഹാസ്യനാക്കുന്നുവെന്നതാണ്. “പ്രാഞ്ചിയേട്ടന്റെ പ്രസംഗോം ആ വേഷോം രണ്ടും കൊഴപ്പായി, പ്രാഞ്ചിയേട്ടന്‍ മുണ്ടും ഷര്‍ട്ടുമൊക്ക ഉടുത്തുവന്നിട്ട് മ്മ്ടെ ലൈനില് ഒരുപെടപെടച്ചിരുന്നെങ്കില്‍ വോട്ട്ങ്ങ്ട് പോന്നേനെ” എന്നാണ് അദ്ദേഹത്തിന്റെ ഡ്രൈവറുടെ (ടിനി ടോം) വാദം. ഇവിടെ പ്രാഞ്ചിയേട്ടന്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത് “മ്മ്ടെ ലൈന”ല്ലെന്ന സൂചന കൂടിയുണ്ട്. സിനിമയുടെ തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിറമ്മല്‍ ഈനാശു(പാഞ്ചിയേട്ടന്റെ അപ്പന്‍)വിന്റെ ആത്മാവ് കോട്ടും ടൈയും ധരിച്ചെത്തിയിട്ടും എന്തുകാണ്ട് തന്റെ മകന് കോട്ട് ചേരാതെ പോകുന്നുവെന്നത് പിടികിട്ടാത്തൊരു സമസ്യയാണ്.

ഇനി കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ജാതിഭേദമുണ്ടാ എന്ന ചോദ്യത്തിലേയ്ക്കുവരാം. ‘Caste among Christians in India’ എന്ന തന്റെ ലേഖനത്തില്‍, കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രധാനമായും മൂന്നു ജാതികളുള്ളതായി (സുറിയാനി, ലാറ്റിന്‍, പുതുക്രിസ്ത്യാനി ഇവയ്ക്കുപുറമേ ക്നാനായ ക്രിസ്ത്യാനികള്‍ എന്ന ചെറുവിഭാഗവും) മറ്റു ചില പഠനങ്ങളുടെ വെളിച്ചത്തില്‍ ജെ താരമംഗലം അവകാശപ്പെടുന്നുണ്ട്. ഇതില്‍ ക്നാനായ ക്രിസ്ത്യാനികള്‍ വംശശൂദ്ധിയുള്ള (racial purity) തങ്ങളാണ് ഉന്നതജാതിയെന്നും അതല്ല നമ്പൂതിരി മാമ്മോദീസ മുങ്ങി ഉണ്ടായ തങ്ങളാണ് യഥാര്‍ത്ഥത്തില്‍ കേമരെന്നു സുറിയാനി ക്രിസ്ത്യാനികളും വാദിക്കുന്നതായി താരാമംഗലം നിരീക്ഷിക്കുന്നു. എന്നാല്‍ ലാറ്റിന്‍ ക്രിസ്ത്യാനികള്‍ക്ക് സുറിയാനി ക്രിസ്ത്യാനികളേയ്കക്കാള്‍ താണ സ്ഥാനമാണ് സമൂഹത്തില്‍ ലഭിക്കുന്നതെന്നും, എങ്കിലും ഏറ്റവും പ്രകടമായ വിടവ് സുറിയാനി ക്രിസ്ത്യാനികളും ദലിത് പശ്ചാത്തലമുള്ള പുതുക്രിസ്ത്യാനികളും തമ്മിലാണെന്നും സൂചിപ്പിക്കുന്നു. ഇതില്‍ സുറിയാനി ക്രിസ്ത്യാനികളില്‍ പലര്‍ക്കും പല തരത്തിലുള്ള സ്ഥാനമാണ് സമുഹത്തില്‍ ലഭിക്കുന്നതെന്നും പറയുന്നുണ്ട്.

Thus the Syrian Christians of Kerala are said to occupy a status roughly equivalent to that of Nairs. Fuller (1976:56) states that there is a general consensus to this effect by Syrians, Nairs and others despite some other types of claims and counter-claims including the claims of some Syrians that they are equal to the Namboothiris. I have personal knowledge, however, of villages where poor Syrian tenants of Nair landlords, did, in fact, occupy and accept a lower position, and were not allowed to enter Nair houses or draw water from their wells even until 40-50 years ago. On the other hand I also know of villages where prominent ‘aristocratic’ Syrian families occupied a higher status vis-à-vis the Nairs (Tharamangalam. P. 272)[3].

താന്‍ ഒന്നാംതരം സത്യക്രിസ്ത്യാനിയെന്നല്ലാതെ മറ്റൊരു സൂചനയും പ്രാഞ്ചിയേട്ടന്‍ തരാത്തതുകൊണ്ട് അദ്ദേഹത്തിന്റേത് മുകളില്‍ സൂചിപ്പിച്ചതുപോലുള്ള ആപേക്ഷികമായ ഒരു കീഴാളത്തമായിക്കൂടെന്നുമില്ല. പോരാത്തതിന് പ്രാഞ്ചിയേട്ടന്റെ ജീവിച്ചിരിക്കുന്ന ബന്ധുക്കളാരും സിനിമയില്‍ വരാത്തതും (പ്രത്യകിച്ചും സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലേതുപോലെ കുണുക്കിട്ട അമ്മാമമാരും, പള്ളീലച്ചന്‍മാരും കന്യാസ്ത്രീകളും) ബിഷപ്പിനെ കാണുവാനായി ഹെഡ് മാഷെ കൂട്ടുപിടിക്കുന്നതുമെല്ലാം ഈ കീഴാളത്തിന്റെ ചില സൂചനകളാണെന്നു പറയാം.

പ്രാഞ്ചിയേട്ടന്റെ സഹായിയായ വാസു മേനോന്‍ (ഇന്നസെന്റ്) പലപ്പോഴും അദ്ദേഹത്തെ കളിയാക്കുന്നതായും കുഴിയില്‍ ചാടിക്കുന്നതായും ചിത്രം സൂചിപ്പിക്കുന്നുണ്ട്. പത്മശ്രീയ്ക്കുവേണ്ടി ശ്രമിക്കുന്നതിനു മുന്നോടിയായി തന്റെ ചരിത്രം എഴുതിക്കുന്നതിനായി അച്യുതവാര്യരെ (ശ്രീരാമന്‍) സമീപിക്കുന്ന പ്രാഞ്ചിയേട്ടനെക്കുറിച്ച് “കാശുമാത്രേ ഇവന്റേലുള്ളൂ ബാക്കി എഡ്യൂക്കേഷനടക്കം എല്ലാം പോക്കാ” എന്നു വാസുമേനോന്‍ പരിഹാസരൂപേണ സൂചിപ്പിക്കുന്നുണ്ട്. പത്മശ്രീ കിട്ടാതെ വരുമ്പോള്‍ “നിനക്ക് ഷെവലിയര്‍ വേണോ” എന്നു ചോദിച്ച് അയാള്‍ പ്രാഞ്ചിയേട്ടനെ സമീപിക്കുന്നുണ്ട്. പ്രാഞ്ചിയേട്ടന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന നിലയില്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ അംഗീകരിക്കപ്പെടാത്തതാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥവിഷമമെന്ന് വാസു മേനോന്‍ മനസ്സിലാക്കിയിട്ടുണ്ടെന്നു വേണം കരുതാന്‍. അതും തന്നെപ്പോലെയൊരാള്‍ക്ക് കിട്ടില്ല എന്നറിഞ്ഞതുകൊണ്ടായിരിക്കാം അയാളെ പ്രാഞ്ചിയേട്ടന്‍ മര്‍ദിച്ച് പടിക്കു പുറത്താക്കുന്നത്.

‘നന്ദനത്തി’ലെ ഗുരൂവായൂരപ്പനെപ്പോലെ ദൈവീകമായൊരു ഇടപെടല്‍ നടത്താന്‍ ഫ്രാന്‍സിസ് പുണ്യാളന് ഈ ചിത്രത്തില്‍ സാധിക്കാതെ പോകുന്നു. ഇത് ബാലമണിയെപ്പോലെ, സവര്‍ണതയുടെ പ്രതീകാത്മക സൂചകങ്ങളായ ശാസ്ത്രീയസംഗീതപരിജഞാനവും (‘കാര്‍മുകില്‍ വര്‍ണന്റെ…’ എന്ന ഗാനം സെമി-ക്ലാസിക്കല്‍ ആണെങ്കിലും) ഗുരുവായൂരപ്പഭക്തിയും (സത്യാഗ്രഹത്തിനുമുന്‍പ് ആര്‍ക്കാണ് ദര്‍ശനം സാധിച്ചിരുന്നതെന്നു കണക്കാക്കുമ്പോള്‍) സ്വായത്തമാക്കി സവര്‍ണതയിലേയ്ക്ക് കൂട്ടുചേര്‍ക്കപ്പെടാനുള്ള പ്രാഞ്ചിയേട്ടന്റെ കഴിവുകേടുകൂടിയാണ്, അല്ലങ്കില്‍ തന്റെ മതത്തിലെ അത്തരം സൂചകങ്ങളെക്കുറിച്ചുള്ള അജ്ഞതയുമാവാം.
‌‌_______
കുറിപ്പുകള്‍
[1] ജിപ്സന്‍ ജേക്കബ്, ‘ജാതിയുടെ ഇരുപതുകളി‘ (ദില്ലിപോസ്റ്റ്, ജൂലൈ 26, 2009)

[2] മുരളീധരന്‍,ടി, ‘പൌരുഷങ്ങളും പ്രാദേശീയതകളും’ (പച്ചക്കുതിര, ഡിസംബര്‍ 2004. പുറം 12).

[3] Tharamangalam, J, ‘Caste Among Christians in India’ (Caste: Its Twentieth Century Avatar, Ed. MN Srinivas, Penguin:1996)

(ഈ ലേഖനം മാര്‍ച്ച് 22 ന് ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവിടേയ്ക്കുള്ള ലിങ്ക് ഇവിടെ )

2011, മാർച്ച് 14, തിങ്കളാഴ്‌ച

സുനാമി

തീരത്തു കൂറ്റനെടുപ്പുകള്‍ കാണവേ
'കള്ളി'യെന്നാരോ കുറിച്ചപോല്‍ തോന്നിയോ
അല്ലെങ്കിലെന്തേ നീയിത്രമേല്‍ ശൌര്യത്താല്‍
എല്ലാമേ മായ്ക്കുവാന്‍ ഓടിയണഞ്ഞത്?

കളിയില്‍ തോറ്റതിന്

ചൂതില്‍ നീ,യമ്പേ തോറ്റോ
അല്ലയോ തിരേ നീയി-
ന്നിത്രമേല്‍ ക്രോധത്താലെ
കരുക്കള്‍ ചിതറിയ്ക്കാന്‍?

2011, മാർച്ച് 10, വ്യാഴാഴ്‌ച

അരിപ്പ

നിന്നില്‍ ഞാന്‍ വെറുക്കുന്നവ :

എന്നിലെ സത്തൂറ്റി
ബാക്കി പുറത്തെറിയുന്ന
നിന്റെ സ്വാര്‍ത്ഥത

നിന്റെ യുക്തിയുടെ ഇഴയടുപ്പത്തിലുടെ
കിനിയാത്തതെന്തും വെറും
ചണ്ടിയാണെന്ന നിന്റെ കണ്ടുപിടുത്തം.

കാലപ്പഴക്കത്തില്‍ ഇഴകളകലുമ്പോള്‍
ഞാന്‍ മുന്‍പും ഇങ്ങിനെ തന്നെയായിരുന്നെന്ന
നിന്റെ വീണ്‍വാദം

നൂലില്‍ കോര്‍ത്ത മുത്ത്

ഒരു ചെവിയിലൂടെ കേട്ടത്
മറുചെവിയിലൂടെ തള്ളാന്‍ എനിക്കറിയാം
എങ്കിലും, തലയിലെ നൂലോട്ടത്തിന്റെ
കിരുകിരുപ്പൊഴിയുന്നില്ലല്ലോ?

ബോണ്‍സായ്

കരിമ്പാറകളുടെ കരുത്തിനോടുതോറ്റ
ഇളംവേരുകളുടെ നിസ്സഹായതയായിരുന്നു ബാല്യം.

പ്രതീക്ഷകളുടെ പുതുനാമ്പുകള്‍ കത്രിക്കപ്പെട്ട
തായ് തണ്ടിന്റെ വേദനയായിരുന്നു കൌമാരം.

ആര്‍ക്കൊക്കെയോവേണ്ടി ഒട്ടിച്ചുചേര്‍ക്കപ്പെട്ട, വളച്ചൊടിക്കപ്പെട്ട
ചില്ലകളോടെ, ചട്ടിയില്‍ പറിച്ചുനടപ്പെട്ട യൌവനം.

എന്നിട്ടും ഉള്ളിലെ, വാര്‍ദ്ധക്യത്തിന്റെ, മരവിപ്പില്‍ മുരടിച്ചുനില്‍ക്കുന്ന
ഞാന്‍ എങ്ങിനെയാണ് നിനക്കു സുന്ദരനാകുന്നത് ?